ബിഹാര്‍ തെരഞ്ഞെടുപ്പ്: ശിവസേന 150 സീറ്റുകളില്‍ തനിച്ച് മത്സരിക്കും

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (11:01 IST)
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന 150 സീറ്റുകളില്‍ തനിച്ച് മത്സരിക്കും. ശിവസേന ദേശീയ വക്താവ് സജ്ഞയ് റാവുത്താണ് ബിഹാറില്‍ മത്സരിക്കുന്ന വിവരം വ്യക്തമാക്കിയത്. ബിഹാറടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കുന്നതിനാണ് തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശിവസേനയുടെ മേല്‍ ആരോപിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ കുടിയേറ്റ വിരുദ്ധത രാഷ്ട്രീയ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണ്. എന്തെല്ലാം ആരോപണങ്ങള്‍ കേട്ടാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന 150 സീറ്റുകളിലും മത്സരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശിവസേന വളരേണ്ട സാഹചര്യം ഉണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് വഴി ഈ സംസ്ഥാനങ്ങളില്‍  പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നും ശിവസേന വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റാബ്റി ദേവിയെ പരാജയപ്പെടുത്തിയ ജെഡിയു എംഎല്‍എ സതീഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍ജെഡിയുമായി ഇപ്പോള്‍ സഖ്യത്തിലുള്ള ജെഡിയു രാഘോപൂര്‍ മണ്ഡലം ആര്‍ജെഡിക്ക് വിട്ട് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സതീഷ് കുമാറിന്റെ കൂറുമാറ്റം. തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതുവരെ 153 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇതില്‍ 14 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്.