ഷീന ബോറ കൊലക്കേസ്: അന്വേഷണസംഘം പീറ്റര്‍ മുഖര്‍ജിയുടെ വീട്ടില്‍ പരിശോധന നടത്തി

ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (16:22 IST)
ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും സ്റ്റാര്‍ ടി വി മുന്‍ സി ഇ ഒയുമായ പീറ്റര്‍ മുഖര്‍ജിയുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തി. മുംബൈ പൊലീസിന്റെ ഒരു സംഘമാണ് വീട്ടില്‍ പരിശോധനയ്ക്കായി എത്തിയത്. 
 
അതേസമയം, മുംബൈ പൊലീസിന്റെ മറ്റൊരു സംഘം ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെ ലാപ്‌ടോപ്പും ബാങ്ക് അക്കൌണ്ടിന്റെ വിശദാംശങ്ങളും പരിശോധിച്ചു. സഞ്‌ജീവ് ഖന്നയുടെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു പരിശോധന.
 
അന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ എത്തിയ അന്വേഷണസംഘം ബുധനാഴ്ച രാവിലെയാണ് സഞ്ജീവ് ഖന്നയുടെ വസതിയില്‍ എത്തിയത്. സഞ്ജീവ് ഖന്നയുടെ ലാപ്‌ടോപ് സംഘം പിടിച്ചെടുത്തു.  കൊല്‍ക്കത്ത പൊലീസും മുംബൈ പൊലീസിന് ഒപ്പമുണ്ടായിരുന്നു. അതേസമയം, കേസ് അന്വേഷണത്തെക്കുറിച്ച് തങ്ങള്‍ക്ക്  യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക