പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് പെട്ടെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ അഡ്‌മിറ്റ് ആയത്. മുഖ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് പല വാര്‍ത്തകളും പെട്ടെന്നു തന്നെ അന്തരീക്ഷത്തില്‍ പരന്നു. ഭരണം പ്രതിസന്ധിയില്‍ എന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ, മുഖ്യമന്ത്രി ആശുപത്രിയിലായിരുന്നെങ്കിലും തമിഴ്നാട്ടില്‍ ഭരണം നിലച്ചില്ല. മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്ന മുറിയുടെ തൊട്ടടുത്തുള്ള മുറിയില്‍ തന്നെ ഒരു മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥയുണ്ടായിരുന്നു, ഭരണനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനായി. മലയാളിയായ ഷീല ബാലകൃഷ്‌ണന്‍.
അപ്പോളോ ആശുപത്രിയുടെ രണ്ടാം നിലയിലാണ് ജയലളിത ചികിത്സയില്‍ കഴിയുന്നത്. അങ്ങോട്ടേക്ക് പ്രവേശനം അനുവദിക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് ജയലളിതയുടെ പ്രത്യേക ഉപദേഷ്‌ടാവായ ഷീല. തോഴി ശശികലയും പാര്‍ട്ടിയിലെ രണ്ടാമന്‍ പനീര്‍സെല്‍വവും കഴിഞ്ഞാല്‍ ജയലളിതയ്ക്ക് അടുപ്പമുള്ളത് ഷീലയോടാണ്. എന്നാല്‍, പൊതുവേദികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്ന പ്രകൃതമാണ് ഇവരുടേത്.
തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിലെ ഐ എ എസുകാരിയാണ്. 1977ൽ തഞ്ചാവൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1996ൽ ഫിഷറീസ് കമ്മിഷണറായ ഷീല 2002 മാർച്ചിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത് . തുടര്‍ന്നാണ് ജയലളിതയുമായി അടുപ്പത്തിലാകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയലളിതയുടെ വിശ്വസ്‌തയായി തീരുകയും ചെയ്‌തു.
2002ല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റില്‍ എത്തിയതോടെയാണ് ഷീല ജയലളിതയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഡി എം കെ ഷീലയെ മാറ്റിനിര്‍ത്തി. എന്നാല്‍, 2011ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ഷീലയുടെ സമയം തെളിയുകയായിരുന്നു.