‘കക്കൂസ് നിര്‍മിക്കാന്‍ പണമില്ലെങ്കില്‍ ഭാര്യയെ വിറ്റുകൊള്ളൂ’ - ജനങ്ങളോട് കലക്ടര്‍

തിങ്കള്‍, 24 ജൂലൈ 2017 (09:21 IST)
ശൌച്യാലയം നിര്‍മിക്കാന്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ കര്‍ഷകനോട് ‘എങ്കില്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ’ എന്ന് പറഞ്ഞ കളക്ടര്‍ വിവാദത്തില്‍. ബീഹാറിലെ ഔറംഗബാദ് ജില്ലാ കലക്ടര്‍ കന്‍വാല്‍ തനൂജ് ആണ് വിവാര പരാമര്‍ശം നടത്തിയത്. 
 
സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുക്കവേ ആണ് കളക്ടര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഔറംഗാബാദിലെ ഗ്രാമവാസികളോട് സ്വച്ഛ് ഭാരതിനെ കുറിച്ചും വീട്ടില്‍ സ്വന്തമായി ഒരു കക്കൂസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അത്ര ദരിദ്രനായാലും ശരി വീട്ടിലെ സ്ത്രീകളുടെ അന്തസ്സ് നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും നിങ്ങളുടെ ചുമതല ആണെന്ന് കളക്ടര്‍ പറഞ്ഞു. നിങ്ങളുടെ ഭാര്യയുടെ അഭിമാനത്തിന് വെറും 12,000 രൂപയില്‍ താഴെ മാത്രമാണ് നിങ്ങള്‍ വിലയിടുന്നതെങ്കില്‍ കൈ പൊക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ, സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റ്, തനിക്ക് കക്കൂസ് നിര്‍മിക്കാന്‍ അത്രത്തോളം പണം കൈവശമില്ലെന്ന് പറഞ്ഞു. 
 
കക്കൂസ് നിര്‍മിക്കാന്‍ കൈവശം പണമില്ലെങ്കില്‍ നിങ്ങളുടെ ഭാര്യയെ വിറ്റുകൊള്ളൂവെന്നായിരുന്നു ജില്ലാ കലക്ടറുടെ മറുപടി.

വെബ്ദുനിയ വായിക്കുക