ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിന് എതിരെ ഒപ്പുശേഖരണം; പരാതി രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും നല്കി

ചൊവ്വ, 7 ഫെബ്രുവരി 2017 (17:29 IST)
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടന്നു. ഓണ്‍ലൈന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികലയ്ക്ക് എതിരെ 15 മിനിറ്റിനുള്ളില്‍ പതിനായിരം ഒപ്പാണ് ലഭിച്ചത്.
 
പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാത്ത, നേതാവിന്റെ സഹായിയായി നിന്ന ഒരാള്‍ സംസ്ഥാനത്തിന്റെ ഭരണത്തലപ്പത്ത് എത്തുന്നത് ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നു. സിനിമ മേഖലയിലും സാമൂഹ്യ മാധ്യമങ്ങളിലും ശശികല മുഖ്യമന്ത്രിയാകുന്നതിന് എതിരെയുള്ള എതിര്‍പ്പ് ശക്തമാകുകയാണ്.
 
അതേസമയം, ശശികലയ്ക്ക് മുഖ്യമന്ത്രി പദവി നല്കരുതെന്ന പരാതി 19, 000 പേര്‍ പിന്തുണച്ചതായി സൈറ്റ് അവകാശപ്പെട്ടു. രാഷ്‌ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കിയതായി സൈറ്റ് അറിയിച്ചു.
 
ശശികലയുടെയും അവരുടെ കുടുംബം ഉള്‍പ്പെടുന്ന മണ്ണാര്‍ഗുഡി മാഫിയയുടെയും ചരിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവജനങ്ങള്‍ കൂടുതലായും കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍, ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക