പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റിവെച്ചു. എന്ന് വിധി പറയും എന്ന് കോടതി വ്യക്തമാക്കിയില്ല. മാപ്പ് എന്ന വാക്ക് പറയുവാൻ എന്താണ് പ്രശ്‌നമെന്ന് കേസിൽ വാദം കേൾക്കവെ ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാൻ കഴിയുന്ന വാക്കാണെന്നും ജസ്റ്റിസ് ചൂണ്ടികാട്ടി.
ജഡ്‌ജിമാരെ ആര് സംരക്ഷിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. എത്രകാലം ഇതൊക്കെ സഹിച്ച് ജഡ്ജിമാർക്കും കോടതിക്കും മുന്നോട്ടുപോകാനാകും എന്നും അരുൺ മിശ്ര ചോദിച്ചു. പ്രശാന്ത് ഭൂഷണെ പോലെ 30 വർഷത്തെ പരിചയസമ്പത്തുള്ള ആൾ ഇങ്ങനെയാണോ പെരുമാറേണ്ടത്. എല്ലാത്തിനും മാധ്യമങ്ങൾക്ക് മുൻപിൽ പോകുന്നത് തെറ്റാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.