സപ്ലൈകോ സാധനങ്ങളുടെ വില കുറയ്ക്കുന്നു

അഭിറാം മനോഹർ

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (13:16 IST)
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില കുറയ്ക്കുന്നതായി ഭക്ഷ്യവകുപ്പുമന്ത്രി ജി.ആര്‍. അനില്‍ നിയമസഭയെ അറിയിച്ചു. എം.എല്‍.എ പി.എസ്. സുപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
 
ശബരി ബ്രാന്‍ഡിലെ സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയില്‍ നിന്ന് 319 രൂപയായും, നോണ്‍-സബ്‌സിഡി വെളിച്ചെണ്ണയുടെ വില 389 രൂപയില്‍ നിന്ന് 359 രൂപയായും കുറയുന്നു. കേര വെളിച്ചെണ്ണയുടെ വിലയും 429 രൂപയില്‍ നിന്ന് 419 രൂപയായി കുറയ്ക്കും. ഇതോടൊപ്പം, തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയില്‍ നിന്ന് 88 രൂപയും ചെറുപയറിന്റെ വില 90 രൂപയില്‍ നിന്ന് 85 രൂപയുമായി കുറയും. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
 
ഓണക്കാലത്ത് ഓരോ റേഷന്‍ കാര്‍ഡിനും 20 കിലോഗ്രാം അരി 25 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്നു. ഇതേ പദ്ധതി തുടര്‍ന്നും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
 
ഓണകാലത്ത് വിപണിയില്‍ സപ്ലൈകോ നടത്തിയ ഇടപെടലുകള്‍ വിലക്കയറ്റം നിയന്ത്രിക്കാനും ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സഹായിച്ചു. ഇതിലൂടെ സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദിനവില്‍പ്പന റെക്കോഡ് സൃഷ്ടിക്കപ്പെട്ടു. 56.73 ലക്ഷം കാര്‍ഡുടമകള്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയപ്പോള്‍, മൊത്തം 386 കോടി രൂപയുടെ വിറ്റുവരവും ഇതില്‍ 180 കോടി രൂപ സബ്‌സിഡി വില്പനയിലൂടെയും ലഭിച്ചതായി മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍