എഐഎഡിഎംകെയില്‍ ഇനി ചിന്നമ്മ യുഗം; ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതലയേറ്റു

ശനി, 31 ഡിസം‌ബര്‍ 2016 (14:51 IST)
എഐഎഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളെ സാക്ഷി നിർത്തിയാണ് ശശികല പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്.
 
പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശശികല, ജയലളിതയുടെ ഓർമയിൽ കണ്ണീരണിഞ്ഞു. ‘അമ്മ’ ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും വരുന്ന 100 വർഷവും അണ്ണാ ഡിഎംകെ തന്നെ തമിഴ്നാട് ഭരിക്കുമെന്ന് അവര്‍ പറഞ്ഞു. ജലയളിതയെ ഓർമിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് ശശികല പാർട്ടി നേതൃത്വം ഏറ്റെടുക്കാന്‍ എത്തിയത്.
 
മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ പ്രണാമമര്‍പ്പിച്ച ശേഷമായിരുന്നു ശശികല പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി ഓഫീസില്‍ മുന്‍മുഖ്യമന്ത്രി എംജിആറിന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ച അവര്‍ ജയലളിതയുടെ ഛായാചിത്രത്തിന് മുന്നിലും ആദരം അര്‍പ്പിച്ചു. പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് വന്‍ജനാവലിയാണ് ശശികലയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ചുകൂടിയത്.
 

വെബ്ദുനിയ വായിക്കുക