ഗവര്‍ണര്‍ ‘മൈന്‍ഡ്’ ചെയ്യുന്നില്ല; ശശികല നിരാഹാരത്തിന് - ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി
ഞായര്‍, 12 ഫെബ്രുവരി 2017 (10:33 IST)
സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ഗവർണറുടെ ഭാഗത്തു നിന്ന് ഇതുവരെയും അനുകൂല നിലപാട് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല ഉപവാസ സമരത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന.
ഗവർണറുടെ തീരുമാനത്തിനായി ഇന്നു വൈകുന്നേരം വരെ കാത്തരിക്കുമെന്നും അല്ലാത്തപക്ഷം രാജ്‌ഭവന് മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം ശശികല ഉപവാസത്തിന് എത്തിയേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവൻ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ദിവസം കഴിയുന്തോറും പനീർ സെൽവത്തിന് പിന്തുണ കൂടുന്നുവെന്ന് കണ്ടുകൊണ്ടാണ് ശശികലയുടെ പുതിയ നടപടി. ഇതിനിടെ ഒപിഎസിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.