ശശികല ക്യാമ്പ് ഉലയുന്നു; മുന്ന് എംപിമാര്‍ കൂടി ഒപിഎസ് പക്ഷത്ത് - പുറത്തുവിടണമെന്ന ആവശ്യവുമായി 20തോളം എംഎല്‍എമാര്‍ രംഗത്ത്

ഞായര്‍, 12 ഫെബ്രുവരി 2017 (12:29 IST)
സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച്​ ഗവർണറുടെ ഭാഗത്തു നിന്ന്​ ഇതുവരെയും അനുകൂല നിലപാട്​ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച്​ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല ഉപവാസ സമരത്തിലേക്ക്​ നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ശശികല പക്ഷത്തുനിന്ന് മൂന്ന് എംപിമാർ കൂടി ഇന്ന് പനീര്‍ സെല്‍‌വത്തിനൊപ്പം ചേര്‍ന്നു.

തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടർജി, വേലൂർ എംപി സെങ്കുട്ടുവൻ, പെരുമ്പള്ളൂർ എംപി ആർ പി മരുതരാജ എന്നിവരാണ് ഏറ്റവും ഒടുവിലായി ഒപി എസ് ക്യാമ്പില്‍ എത്തിയത്. കൂടുതല്‍ നേതാക്കള്‍ ശശികല പക്ഷത്തു നിന്നും കൂറ് മാറിയതോടെ ഒപിഎസ് വിഭാഗം ശക്തമായി.

അതിനിടെ കൂവത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തു വിടണമെന്ന ആവശ്യവുമായി 20 എം എല്‍ എമാര്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് ചെന്നൈയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഗവർണറുടെ തീരുമാനത്തിനായി ഇന്നു വൈകുന്നേരം വ​രെ കാത്തരിക്കുമെന്നും അല്ലാത്തപക്ഷം രാജ്‌ഭവന് മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം ശശികല ഉപവാസത്തിന് എത്തിയേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

വെബ്ദുനിയ വായിക്കുക