തമിഴ്ജനതയ്ക്ക് ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍; ഡിസംബറില്‍ പൊട്ടിക്കരഞ്ഞ അജിത്ത് ഫെബ്രുവരിയില്‍ ചിരിക്കുന്നു

തിങ്കള്‍, 6 ഫെബ്രുവരി 2017 (15:22 IST)
തമിഴ്നാട് പുതിയ അധികാരകൈമാറ്റത്തിന് ഒരുങ്ങുമ്പോള്‍ ട്രോളുകള്‍ പ്രവഹിക്കുകയാണ്. ചിന്നമ്മയ്ക്ക് പ്രതികൂലമായുള്ള ട്രോളുകളാണ് മിക്കതും. ഞായറാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒ പനീര്‍സെല്‍വം രാജിവെച്ചത്. ഇതോടെ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികല ഫെബ്രുവരി ഏഴിനോ ഒമ്പതിനോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എന്നാല്‍, ശശികല മുഖ്യമന്ത്രിയാകുന്നതിന് എതിരെ തമിഴ്ജനത പ്രതികരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
 
ശശികല മുഖ്യമന്ത്രിയായാല്‍ തമിഴ് ജനതയുടെ വികാരം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നു ഒരു ട്രോള്‍. ഹാസ്യതാരമായ വിവേകിന്റെ ഒരു ഡയലോഗിനെ കൂട്ടുപിടിച്ചാണ് ഇക്കാര്യം പറയുന്നത്. ‘ഇനി എന്റെ മദര്‍ ടങ്ക് മലയാളം, എന്റെ സ്റ്റേറ്റ് കേരള, എന്റെ ചീഫ് മിനിസ്റ്റര്‍ പിണറായി വിജയന്‍, എന്റെ ബീഡി മലബാര്‍ ബീഡി’.
 
അമ്മ മരിച്ചിട്ട് രണ്ടു മാസത്തിനുള്ളിലേ മുഖ്യമന്ത്രി ആയോ എന്ന് സംശയിക്കുന്നവര്‍ക്ക്, രണ്ടു ദിവസത്തിലെ മുഖ്യമന്ത്രി ആയേനെ, ഗെറ്റ് അപ്പ് ചേഞ്ച് ചെയ്യാന്‍ കുറച്ച് സമയമെടുത്തതാണെന്ന് ശശികല മറുപടി പറയുന്നു.
 
ഡിസംബറിലെ ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ നടന്‍ അജിത്തിനെയും പരിഹസിക്കുന്നു ട്രോളുകള്‍. അജിത്തിന്റെ ചിത്രമായ ‘വേതാള’ത്തിലെ സീനുകള്‍ കോര്‍ത്തിണക്കിയാണ് അജിത്തിനെ പരിഹസിച്ചിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം ഇവിടെ നടക്കുന്നത് കണ്ട് ചോ രാമസ്വാമിയോട് അന്തരിച്ച ജയലളിത പരാതി പറയുന്നതും ട്രോളുകളില്‍ ഉണ്ട്. ‘സര്‍ ഇത് ഏന്‍ പ്ലാന്‍ ഏ ഇല്ല സര്‍, എല്ലാമേ തപ്പു തപ്പാ ഇര്‍കു സര്‍, എതോ തപ്പാ നടക്കുതു സര്‍’

വെബ്ദുനിയ വായിക്കുക