‘പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകന് നേരെ ആക്രമണം

ശനി, 28 ജനുവരി 2017 (12:00 IST)
ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ‘പത്മാവതി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ആക്രമം ഉണ്ടായത്. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ആരോപിച്ച് രജ്‌പുത് കര്‍ണി സേന പ്രവര്‍ത്തകര്‍ ആണ് അക്രമം അഴിച്ചുവിട്ടത്.
 
രാജസ്ഥാനിലെ ജയ്ഗഢ് ഫോര്‍ട്ടില്‍ ആയിരുന്നു ചരിത്രസിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയുടെ സെറ്റും ഉപകരണങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ബന്‍സാലിയെ മര്‍ദ്ദിച്ച പ്രതിഷേധക്കാര്‍ മുടി പിടിച്ചു വലിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, ആരും പരാതി നല്കാത്തതിനെ തുടര്‍ന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
 
ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് പത്മാവതി എന്ന സിനിമയുടെ പ്രമേയം. എന്നാല്‍, റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
 
ചരിത്രം വളച്ചൊടിക്കുന്നതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് സേനയുടെ നേതാവ് നാരായണ്‍ സിങ്  വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക