മഞ്ഞുമലയിടിയുന്നു, തണുത്തുവിറച്ച് സംഘം; മഞ്ജു വാര്യർ എന്ന കരുത്തുറ്റ മനുഷ്യസ്ത്രീയെ അറിഞ്ഞുവെന്ന് സംവിധായകൻ

വ്യാഴം, 22 ഓഗസ്റ്റ് 2019 (09:43 IST)
കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു മഞ്ജു വാര്യരും സനൽ കുമാർ ശശിധരനും അടങ്ങുന്ന സംഘം. ഹിമാചൽ പ്രദേശത്തെ കനത്ത മഴയേയും മണ്ണിടിച്ചിലിനേയും തുടർന്ന് കുടുങ്ങിയ സംഘത്തെ കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു. 
 
മഞ്ജു വാര്യർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം 'കയറ്റം' എന്ന പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായതെന്ന് സംവിധായകൻ കുറിച്ചു. 
 
‘സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ഞങ്ങൾ ആറു മണിക്കൂർ കൊണ്ട് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. എല്ലാവഴികളും കനത്ത മഴയെത്തുടർന്ന് തകർന്നിരുന്നതിനാൽ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെവന്നു. ഞങ്ങളെ കൂടാതെ ഇരുനൂറോളം പേർ ആ സ്ഥലത്ത് കുടുങ്ങിയിരുന്നു. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ എടുത്തു പറയേണ്ടതാണ്. മുഴുവൻ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് അവർ പുറത്തെത്തിച്ചു.‘
 
‘ഞങ്ങളുടെ സംഘത്തിലെ മൂന്നുപേർക്ക് കാലിനു ചെറിയ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഞങ്ങൾക്ക് ചത്രുവിൽ തന്നെ നിൽക്കേണ്ടിവന്നു. പാദത്തിനുണ്ടായ പരിക്കും പേറി എട്ടു കിലോമീറ്റർ പാറവഴികളിലൂടെ നടന്ന ആസ്ത ഗുപ്ത അതിശയിപ്പിച്ചു. തടസങ്ങളിലൊന്നും തളരാത്ത ഒരു ഊർജ്ജം എല്ലാവരിലും ഉണ്ടായിരുന്നു. സിനിമ എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു.. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും ഞങ്ങളിലില്ലായിരുന്നു.‘ 
 
‘മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ. ഞങ്ങളുടെ സുരക്ഷക്കായി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി. ഓരോ വാക്കുകൾക്കും നന്ദി..‘

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍