സല്‍മാന്‍ ഖാനു ജാമ്യമില്ല, വിധി നാളെ; ഭീഷണിയുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ
വെള്ളി, 6 ഏപ്രില്‍ 2018 (11:44 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനു ജാമ്യമില്ല. സൽമാന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജോധ്പുർ സെഷൻസ് കോടതി വിധി പറയാനായി നാളത്തേക്കു മാറ്റി.
കേസിൽ അഞ്ചു വർഷം തടവുശിക്ഷ ലഭിച്ച സൽമാനെ ജോധ്പുർ സെൻട്രൽ ജയിലിലാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതോടെ വെള്ളിയാഴ്ച രാത്രിയിലും താരം ജയിലിൽ കഴിയേണ്ടി വരും.
സൽമാന്റെ സഹോദരിമാരായ അൽവീര, അർപിത, അംഗരക്ഷകൻ ഷേര തുടങ്ങിയവർ കോടതിയിൽ എത്തിയിരുന്നു. ഇതിനിടെ, സൽമാനു വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകൻ മഹേഷ് ബോറ മാധ്യമങ്ങളോടു പറഞ്ഞു.
സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് വിധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണു താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടു.
വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെതിരെ കുറ്റം.