മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അച്ഛന്‍ പങ്കെടുക്കും: സല്‍മാന്‍

ശനി, 24 മെയ് 2014 (12:55 IST)
തിരക്കഥാകൃത്തും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പിതാവുമായ സലീംഖാന് നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളുടെ കൂട്ടത്തിലാണ് സലീംഖാന്‍െറ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമുണ്ടെങ്കില്‍ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സലീംഖാന്‍ പങ്കെടുക്കുമെന്ന് സല്‍മാന്‍ അറിയിച്ചു. 
 
മോഡിയുമായി അടുത്ത ബന്ധമാണ് സലീംഖാന്റെ കുടുംബത്തിനുള്ളത്. ബോളിവുഡില്‍ മോഡിയെ പരസ്യമായി പിന്തുണച്ച അപൂര്‍വം പേരില്‍ ഒരാളാണ് സലീംഖാന്‍. സലീംഖാനാണ് മോഡിയുടെ ഉര്‍ദുവിലുള്ള ഔദ്യോഗിക വെബ്സൈറ്റ് ബാന്ദ്രയിലെ വീട്ടില്‍വെച്ച് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മോഡിയോടൊപ്പം അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ പട്ടം പറത്തിക്കൊണ്ട് സല്‍മാന്‍ ഖാനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 
 
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, രജനി കാന്ത്, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങിയവരാണ് ചലച്ചിത്രലോകത്തു നിന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, എപിജെ അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മോഡിയുടെ അമ്മ ഹീരാബെന്‍ എന്നിവരും തിങ്കളാഴ്ച രാഷ്ട്രപതി ഭവന്‍െറ മുറ്റത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവും.

വെബ്ദുനിയ വായിക്കുക