ബിജെപി നേതാവിന്റെ അക്രമണത്തിന് ഇരയായ 'ശക്തിമാന്' സ്മാരകമൊരുങ്ങി

Webdunia
ചൊവ്വ, 12 ജൂലൈ 2016 (08:47 IST)
മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായ ഉത്തരാഖണ്ഡ് പോലീസിന്റെ വെള്ളക്കുതിര ശക്തിമാന് പോലീസിന്റെ വക സ്മാരകം. ഉത്തരാഖണ്ഡിന്റെ പ്രധാന രാഷ്ട്രീയ കേന്ദ്രമായ റിസ്പാന ചൗക്കില്‍ 400 കിലോയോളം തൂക്കമുള്ള പ്രതിമയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയത്. ഒറീസ ശില്‍പികളായ കലി ചന്ദ്, ഫക്കീര്‍ ചന്ദ് പരീഡ എന്നിവര്‍ ചേര്‍ന്നാണ് ശക്തിമാന്‍ ചത്ത് മൂന്ന് മാസത്തിന് ശേഷം അഞ്ച് ലക്ഷം രൂപ ചെലവിട്ട് പ്രതിമ പൂര്‍ത്തിയാക്കിയത്. പ്രതീമ പൂര്‍ത്തിയായതോടെ ശക്തിമാന്‍ ഇന്നും ജീവിക്കുന്നത് പോലെ അനുഭവപ്പെടുന്നതായി ഡെരാഡൂണ്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് ഡേറ്റ് പറഞ്ഞു. 
 
പോലീസ് പരേഡിനിടെ മസൂറിലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കാല്‍മുറിച്ച് മാറ്റി വെപ്പുകാലുമായി കഴിഞ്ഞിരുന്ന ശക്തിമാന്റെ ദുരവസ്ഥ എല്ലാവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 20ന് കുതിര ചത്തു. എംഎല്‍എ കുതിരയെ അടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗണേഷ് ജോഷിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മൃഗസ്‌നേഹികളുടെ പരാതിയില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യം നേടി. 
 
Next Article