രാഹുല്‍ ഭ്രാന്തന്‍, മോഡി കൃഷ്ണന്‍; വിവാദപ്രസ്താവനയുമായി സാക്ഷി മഹാരാജ്

Webdunia
ശനി, 2 മെയ് 2015 (13:16 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഭ്രാന്തനാണെന്നും നരേന്ദ്രമോഡി കൃഷ്ണനെപ്പോലെയാണെന്നുമുള്ള പരാമര്‍ശമാണ് വിവാദമാകുന്നത്. 
ഉത്തര്‍ പ്രദേശിലെ അംരോളി രതന്‍പൂര്‍ ഗ്രാമത്തില്‍ സംസാരിക്കവെയാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നടത്തിയത്.
 
രാഹുലിന് ഭ്രാന്താ‍ണെന്നും രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും‍‍. കര്‍ഷകരെ കുറിച്ച് പറയുന്ന രാഹുലിന് ഗോതമ്പും ചോളവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് പോലും അറിയില്ലെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. ഇതുകൂടാതെ ശ്രീകൃഷ്ണന്‍ ദ്രൗപതിയെ രക്ഷിച്ചതുപോലെയാണ് നേപ്പാളിലെ ഇന്ത്യക്കാരെ മോഡി രക്ഷിച്ചതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായി രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രക്കിടെയാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന. സാക്ഷിയുടെ പരിഹാസം അദ്ദേഹത്തിന്റെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‍വി പ്രതികരിച്ചു.