ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്‌ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പദ്ധതികള്‍ തകര്‍ക്കുകയായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ നടക്കുന്ന അക്രമരാഷ്‌ട്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രാദേശിക നേതാക്കളുടെ വിവരക്കേടുകൊണ്ട് നശിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന അന്നുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമായിരുന്നു. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ മരിച്ചതോടെയാണ് സംസ്ഥാനത്ത് ബിജെപി സിപിഎം സംഘര്‍ഷം രൂക്ഷമായത്. ഇരു കൂട്ടര്‍ക്കും ഒരുപോലെ നാശനഷ്‌ടങ്ങള്‍ ഉണ്ടായെങ്കിലും ദേശീയ തലത്തില്‍ സിപിഎമ്മിനെ ക്രൂശിക്കുക എന്നതായിരുന്നു അമിത് ഷായുടെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും പദ്ധതി. ഒരു പരിധിവരെ ഈ തന്ത്രം വിജയിക്കുകയും ചെയ്‌ത സമയത്തായിരുന്നു ചൊവ്വാഴ്‌ച ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്.
സിപിഎമ്മിനെ കൊലയാളി പാര്‍ട്ടിയാക്കി ചിത്രീകരിച്ച് കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി തീരാനായിരുന്നു അമിത് ഷായും കേന്ദ്രനേതാക്കളും തീരുമാനിച്ചിരുന്നത്. ന്യൂഡല്‍ഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി സെന്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതും കഴിഞ്ഞ ആഴ്‌ച കണ്ണൂരില്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതും ഇതിന്റെ ഭാഗമായിരുന്നു. സിപിഎമ്മിനെതിരെ ദേശീയ തലത്തില്‍ വികാരം ഉണര്‍ത്തുക എന്നതായിരുന്നു ഇതിന്റെയെല്ലാം ലക്ഷ്യം.
എന്നാല്‍ പദ്ധതികളെല്ലാം നശിപ്പിച്ചത് ആര്‍എസ്എസ് ജില്ലാ പ്രചാരക് അടക്കമുള്ള നേതാക്കളാണെന്നതാണ് അമിത് ഷായെ വലയ്‌ക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ കഴുത്തിനു പിടിച്ചു മര്‍ദ്ദിക്കുകയും ക്യാമറ അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഒരു എം എല്‍ എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്‌തിട്ടുണ്ടെന്നും തീര്‍ത്തു കളയുമെന്നുമായിരുന്നു കൊലവിളി. ഇതോടെ അനുകൂല സാഹചര്യം മുഴുവന്‍ ഒരു നിമിഷം കൊണ്ട് ബിജെപിയില്‍ നിന്ന് അകന്നു പോകുകയായിരുന്നു.
കേരളത്തില്‍ താമര വിരിയിക്കാന്‍ ബിജെപി നേതൃത്വം ആഞ്ഞു പരിശ്രമിച്ചെങ്കിലും ഒ രാജ ഗോപാലിന് മാത്രമാണ് ജയം സ്വന്തമാക്കാന്‍ സാധ്യമായത്. മറ്റു സംസ്ഥാനങ്ങളില്‍ വര്‍ഗീയതയും ഹിന്ദുത്വ അജണ്ടയും മുന്നില്‍ വച്ച് ലക്ഷ്യത്തിലെത്താന്‍ സാധിച്ചിരുന്ന ബിജെപിക്ക് എന്നും കേരളം കയ്‌പ് മാത്രമെ സമ്മാനിച്ചിട്ടുള്ളൂ. എന്നാല്‍, മാധ്യമ സ്വാതന്ത്രമുള്ള സംസ്ഥനത്ത് മധ്യമങ്ങള്‍ക്കെതിരെ സ്വന്തം അണികള്‍ കൊലവിളി നടത്തിയപ്പോള്‍ തകര്‍ന്നു പോയത് വര്‍ഷങ്ങളായി സ്വരുക്കൂട്ടിയ തന്ത്രങ്ങളാണ്.
എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതിന് പിന്നാലെ പിണറായി വിജയന്‍ മുഖ്യമന്ത്രി കൂടി ആയതോടെ ബിജെപി സമ്മര്‍ദ്ദത്തിലായിരുന്നു. അക്രമസംഭവങ്ങളില്‍ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുമെന്നും ഇതോടെ പ്രവര്‍ത്തകര്‍ ഉള്‍വലിഞ്ഞ് പ്രവര്‍ത്തനം നിശ്‌ചലമാകുമെന്നും കുമ്മനം അടക്കമുള്ളവര്‍ വിശ്വസിച്ചു. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ദേശീയ തലത്തില്‍ കേരളത്തിലേക്ക് ശ്രദ്ധയെത്തിക്കാന്‍ കഴിയുമെന്നും ഇവര്‍ വിശ്വസിച്ചു. എന്നാല്‍, പിണറായി അത്തരമൊരു നീക്കം നടത്തിയില്ല. ഇതോടെയാണ് സംസ്ഥാനത്തെ അക്രസംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചതും പദ്ധതികള്‍ ആവിഷ്‌കരിച്ചതും.
അതേസമയം, പ്രവര്‍ത്തകരുടെ നിലവിട്ട പ്രവര്‍ത്തനത്തില്‍ നേമത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലിന് കടുത്ത അതൃപ്‌തിയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം താന്‍ നിയമസഭയില്‍ തീര്‍ത്തും ഒറ്റപ്പെടുമെന്നും ഇരുമുന്നണികള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചാലും അവര്‍ ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളിലൂടെ പാര്‍ട്ടി വളരില്ലെന്നും ജനങ്ങളില്‍ നിന്ന് അവമതിപ്പ് ഉണ്ടാകുന്നതിന് മാത്രമെ ഇതിന് സാധിക്കുവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.