മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിന് ശശി തരൂര്‍ എംപിക്ക് ഡല്‍ഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ശശി തരൂരിനെതിരേ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.
എന്നാല്‍, കേസ് പരിഗണിച്ച സമയങ്ങളിലൊന്നും തരൂര്‍ കോടതിയില്‍ ഹാജരായില്ല. ഇതുസംബന്ധിച്ച കോടതിയുടെ നിരവധി ഉത്തരവുകള്‍ ലംഘിച്ച സാഹചര്യത്തിലാണ് തരൂരിന് 5,000 രൂപ പിഴ ചുമത്തിയത്. കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഹാജരാവാതിരുന്നതിന് ബിജെപി നേതാവ് രാജീവ് ബബ്ബാറിനും കോടതി 500 രൂപ പിഴ വിധിച്ചു.
കഴിഞ്ഞ ഡിസംബറിലും 5,000 രൂപ ഗ്യാരണ്ടിയായി നിക്ഷേപിക്കാന്‍ കോടതി ശശി തരൂരിനോട് നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് നാലിന് തരൂര്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ തരൂരിന്റെ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അപലപിച്ചിരുന്നു. തരൂര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.