കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് ഷൈന ദമ്പതികള്‍ക്കെതിരെ പുതിയ കേസ്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സിംകാര്‍ഡുകള്‍ വാങ്ങിയതായി ആരോപിച്ചാണ് കോയമ്പത്തൂര്‍ റൂറല്‍ ജില്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോര്‍ജ്ജും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രൂപേഷും ഷൈനയുമടക്കം അഞ്ച് പേരെ കഴിഞ്ഞ വര്‍ഷം മെയ് നാലിന് അറസ്റ്റ് ചെയ്യുമ്പോള്‍ 43 സിംകാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ചിലരുടെ വോട്ടര്‍ ഐ.ഡി കാര്‍ഡും റേഷന്‍ കാര്‍ഡ് പകര്‍പ്പും ഉപയോഗിച്ചാണ് ഇവര്‍ സിംകാര്‍ഡുകള്‍ വാങ്ങിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാങ്ക് വായ്പകള്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഇവരില്‍ നിന്നും രേഖകളുടെ പകര്‍പ്പുകള്‍ കൈക്കലാക്കിയതെന്നും പോലീസ് പറയുന്നു.
ഷൈനയ്ക്കെതിരെ പൊള്ളാച്ചി കോട്ടൂര്‍ പാറക്കട എസ് ധനലക്ഷ്മി കോട്ടൂര്‍ പോലീസിലും പൊള്ളാച്ചി ബോയര്‍ കോളനി ജി വേലുമണി അനൂപ് ജോര്‍ജിനെതിരെയും പൊള്ളാച്ചി പൊന്നവാരം സി. പഞ്ചലിംഗം രൂപേഷിനെതിരെയും താലൂക്ക് പോലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.