വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: രണ്ട് കേന്ദ്രമന്ത്രിമാരെയും പുറത്താക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

വെള്ളി, 22 ജനുവരി 2016 (09:04 IST)
ഹൈദരാബാദ് സര്‍വ്വകലാശാലായിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രമന്ത്രിമാരെയും പുറത്താക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. സര്‍വ്വകലാശാലയില്‍ എത്തിയ കെജ്‌രിവാള്‍ പ്രതിഷേധസമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്.
 
മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി എന്‍ ഡി എ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി കള്ളത്തിനു മുകളില്‍ മറ്റൊരു കള്ളം പറയുകയാണ്. സംഭവത്തില്‍ സ്‌മൃതി ഇറാനി രാജ്യത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കേന്ദ്രമന്ത്രിയുടെ കത്തില്‍ തീവ്രവാദവും ദേശവിരുദ്ധതയും ജാതിഭ്രാന്തുമാണ് കാണാന്‍ സാധിച്ചത്. ലജ്ജാകരമാണിത്. അംബേദ്‌കറിനെയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എങ്ങനെയാണ് ദേശവിരുദ്ധമാകുകയെന്നും അദ്ദേഹം ചോദിച്ചു.
 
രോഹിതിന്റെ കുടുംബത്തിന് നീതി നേടി കൊടുക്കാന്‍ സ്‌മൃതി ഇറാനി തയ്യാറാകണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന രോഹിത് വെമുലെയുടെ മാതാവുമായും കെജ്‌രിവാള്‍ സംസാരിച്ചു.

വെബ്ദുനിയ വായിക്കുക