സൌദിയിൽ ക്രൂരമർദ്ദനത്തിനിരായി വീട്ടുജോലിക്കാരിയായ ഹൈദരാബാദുകാരി കൊല്ലപ്പെട്ടു. ഇരുപത്തുഞ്ചുകാരിയായ അസിമ ഖാട്ടൂണാണ് കൊല്ലപ്പെട്ടത്. അവര്‍ ജോലിക്കു നിന്ന വീട്ടിൽനിന്നും അതിക്രൂരമായ മർദനം നേരിട്ടതായി ആരോപണമുണ്ട്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കിങ്ങ് സൗദ് ആശുപത്രിയിൽ ചികിൽസയിലില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
അസിമ മരിച്ച വിവരം പേരുവെളിപ്പെടുത്താത്ത ഒരാളാണ് അവരുടെ വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഈ വിവരം വീട്ടിൽ അറിയുന്നത്. അസിമ ജോലി ചെയ്തിരുന്ന വീട്ടില്‍ അവര്‍ക്ക് മാനസികമായും ശാരീരികമായും പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പരാതിപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
കുറച്ചു ദിവസങ്ങള്‍ മുമ്പ് വിളിച്ചപ്പോൾ, തന്നെ ഇവിടെ നിന്നു രക്ഷിക്കണമെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അസിമ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുടുംബം തെലങ്കാന സർക്കാരിനെ സമീപിക്കുകയും അസിമയെ തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സർക്കാർ വിദേശകാര്യമന്ത്രാലയത്തിന് കത്തു നൽകുകയും ചെയ്തിരുന്നു.
വീട്ടുജോലിക്കായാണ് അസിമ സൌദിയിലേക്ക് പോയത്. 90 ദിവസത്തെ സന്ദർശക വിസയിലായിരുന്നു അസിമ പോയത്. വിസ കാലാവധി അവസാനിച്ചതിനുശേഷവും അസിമയെ അനധികൃതമായി സൌദിയിലെ വീട്ടില്‍ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് സൂചന. നാലുമാസത്തോളം അവര്‍ അവിടെ ജോലി ചെയ്തുയെന്നും ചില ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നുമാണ് വിവരം.