ഹരിയാനയില്‍ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് നാലംഗ ദളിത് കുടുംബത്തെ മേൽജാതിക്കാര്‍ ജീവനോടെ ചുട്ടു കൊന്നത് ആർഎസ്എസ് പിന്തുണയോടെയെന്ന് റിപ്പോര്‍ട്ട്. മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ ജിതേന്ദര്‍ ഒരു സ്വകാര്യ ചാനലിനോടാണ് ഈ കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ മേൽജാതിക്കാര്‍ മറ്റ് കേസുകളില്‍ കുടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഫരീദാബാദിലെ പ്രിതല മേഖലയില്‍ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം ഉണ്ടായത്. പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാക്കളെ ജനം തടഞ്ഞു വെക്കുകയും ചെയ്‌തു. കൊലപാതകത്തില്‍ പൊലീസ് തെളിവുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണം ശരിയായ രീതിയില്‍ അല്ല നടത്തുന്നതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.
പ്രിതല മേഖലയില്‍ പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. അജ്ഞാത സംഘം വീട്ടിൽ അക്രമിച്ചു കയറിയ ശേഷം വീട്ടില്‍ ഉണ്ടായിരുന്നവരെ മര്‍ദ്ദിച്ചശേഷം പെട്രോൾ ഒഴിക്കുകയും വീടിന് തീയിടുകയുമായിരുന്നു. തീപടരുന്നത് കണ്ട പരിസരവാസികള്‍ ഓടിയെത്തി നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരിക്കുകയായിരുന്നു.
സംഭവാത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ സുരക്ഷ ഉദ്യോഗസ്‌ഥര്‍ സ്ഥലത്ത് എത്തുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.