മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ട എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടി. മന്ത്രിസഭ എടുക്കുന്ന എല്ലാ തീരുമാനങ്ങളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥൂര്‍ വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് പുറമേ മന്ത്രിസഭയുടെ അജണ്ടയും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മന്ത്രിസഭായോഗ തീരുമാനത്തിനായി ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിയാണ് കമ്മീഷണര്‍ ഉത്തരവിറക്കിയത്.
ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന വേളയിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവെത്തിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.