ഡൽഹി: പ്രാദേശിക ലോക്‌ഡൗണുകൾ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിയ്ക്കുന്നു എന്നും അതിനാൽ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. പ്രാദേശികമായി ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമുള്ള ലോക്ഡൗൺ പോലും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിയ്ക്കുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'ലോക്‌ഡൗൺ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇപ്പോൾ നമ്മൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കേണ്ടത്. അവിടങ്ങളിൽ രോഗവ്യാപനം നിയന്ത്രണവിധേയമാണ് എന്ന് ഉറപ്പുവരുത്തണം. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് അടിച്ചേൽപ്പിയ്ക്കുന്ന ലോക്ഡൗൺ എത്രത്തൊളം ഫലപ്രദമാണ് എന്ന് സംസ്ഥാനങ്ങൾ വിലയിരുത്തണം. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിയ്ക്കരുത് ഇക്കാര്യം സംസ്ഥാനങ്ങൾ ഗൗരവമായി കാണണം. യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 63 ശതമാനത്തിന് മുകളിൽ ഈ ഏഴ് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നത്.