തരൂരിനെ അപമാനിച്ച അർണാബിന് കിട്ടിയത് എട്ടിന്റെ പണി; വാർത്തയാക്കാം... പക്ഷേ അപമാനിക്കാൻ ശ്രമിക്കരുതെന്ന് ഹൈക്കോടതി

വെള്ളി, 1 ഡിസം‌ബര്‍ 2017 (17:04 IST)
റിപ്ലബിക് ചാനലിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യമുന്നയിച്ച് ശശി തരൂര്‍ നല്‍കിയ മൂന്ന് മാനനഷ്ടക്കേസുകളിൽ കോടതിയുടെ വിധി. സുനന്ദാ പുഷ്‌കര്‍ മരിച്ചതുമായി ബന്ധപ്പെട്ടുള്ള  വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ റിപ്ലബിക് ടെലിവിഷന്‍ ചാനലിന് തടസ്സമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
 
വാർത്തകൾ പുറത്തുവിടാൻ ചാനലിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ ആ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശശി തരൂരിനെ സമ്മർദ്ദത്തിലാക്കാനോ അദ്ദേഹം പ്രതികരിക്കണമെന്ന് നിർബന്ധം പിടിക്കാനോ അർണാബ് ഗോസ്വാമിക്ക് അവകാശമില്ലെന്ന് കോടതി അറിയിച്ചു. ശശി തരൂര്‍ നല്‍കിയ ഹർജി തള്ളിയ ജസ്റ്റിസ് മൻമോഹനാണ് അർണബിനും ടിവിക്കും ഇത്തരത്തിലുള്ള നിർദേശം നൽകിയത്. 
 
സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും പുറത്തുവിട്ട് ചാനല്‍ തന്നെ അപമാനിക്കുകയാണെന്ന് ശശി തരൂർ കോടതിയിൽ‌ പരാതി നൽകിയിരുന്നു. കൊലപാതകമാണോ എന്ന കാര്യത്തില്‍ തീരുമാനമാകാത്ത ഒരു മരണം അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാനും തന്നെ കൊലപാതകിയായി ചിത്രീകരിക്കാനുമാണ് ചാനല്‍ ശ്രമിക്കുന്നതെന്നും തരൂർ ആരോപിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍