റിപ്പബ്ലിക് ദിനത്തില്‍ വളര്‍ത്തുനായയെ ദേശീയപതാക ഉടുപ്പിച്ചു; നായയുടെ ഉടമയെ അറസ്റ്റ് ചെയ്തു

ചൊവ്വ, 9 ഫെബ്രുവരി 2016 (09:57 IST)
നായയെ ദേശീയപതാക ഉടുപ്പിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. റിപ്പബ്ലിക് ദിനത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂറത്ത് സ്വദേശിയായ ഭാരത് ഗോലിയാണ് അറസ്റ്റിലായത്. സംഭവം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 
ദേശത്തിന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നത് തടയൽ നിയമമനുസരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൂറത്ത് സ്വദേശിയായ അസീസ് സൈക്കിൾവാലയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
 
സൂറത്തിലെ വളർത്തുമൃഗ സ്നേഹികളുടെ കൂട്ടായ്മ  സംഘടിപ്പിച്ച ഷോയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വളർത്തുമൃഗങ്ങളുടെ  മാരത്തണിന് മുന്നോടിയായിട്ടായിരുന്നു സംഭവം. ഷോയില്‍ ഗോലിയുടെ ലാബ്രഡോർ നായ ത്രിവര്‍ണ പതാക പുതച്ചായിരുന്നു എത്തിയത്.
 
പതാക പുതച്ചെത്തിയതിനാല്‍ മറ്റ് നായകളേക്കാള്‍ ശ്രദ്ധ ഈ നായയ്ക്ക് ലഭിച്ചിരുന്നു. പ്രാദേശിക പത്രങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സൈക്കിൾവാല പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക