ഇനി പിന്‍സീറ്റിലും ബെല്‍‌റ്റിടണം

ശനി, 30 ഓഗസ്റ്റ് 2014 (11:49 IST)
കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് ഇടേണ്ടി വരും. പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഗതാഗതമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രിക്കും ഗതാഗത മന്ത്രാലയത്തിനും അയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം.
 
മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ക്കശമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഡ്രൈവിംഗിനിടെ ഫോണ്‍ ചെയ്യുന്നതും മെസേജ് അയക്കുന്നതും വ്യാപകമായി അപകടത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് റോഡ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത്.
 
പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന കാര്യത്തിലുളള അപ്രായോഗികത കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഇതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നടപടിയെടുക്കുക. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ബൈക്കില്‍ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് പുറമെ സ്ത്രീകളും ഹെല്‍മറ്റ് ധരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക