അതിര്‍ത്തിക്കപ്പുറത്ത് ഏത് ആക്രമണവും നടത്താന്‍ തയ്യാര്‍; അടുത്ത മിന്നലാക്രമണത്തിൽ പാക് ആണവശേഖരം തകർക്കും: വ്യോമസേന മേധാവി
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (16:46 IST)
പാകിസ്ഥാനും ചൈനയ്‌ക്കും മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബിഎസ് ധനോവ.
ഒരേസമയം ദ്വിമുഖ യുദ്ധത്തിന് ഇന്ത്യന്‍ സേന തയാറാണ്. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ ഒരുക്കമാണ്. വീണ്ടുമൊരു മിന്നലാക്രമണത്തിനു കേന്ദ്ര സർക്കാർ പദ്ധതിയിട്ടാല്‍ പാകിസ്ഥാന്റെ ആണവശേഖരം തകർക്കുമെന്നും ധനോവ വ്യക്തമാക്കി.
വെല്ലുവിളി ഏറ്റെടുത്ത് അതിർത്തിയിലെ ഏത് സ്ഥലത്തും ആക്രമം നടത്തുന്നതിനു സേന സജ്ജമാണ്. അതിന് ആവശ്യമായ കഴിവ് നമുക്കുണ്ട്. ചൈനയെ നേരിടാനുള്ള ശേഷിയും സൈന്യത്തിനുണ്ട്. പ്രശ്‌നം നിലനില്‍ക്കുന്ന ദോക് ലാ മേഖലയിൽനിന്ന് ചൈനീസ് സേന ഇതുവരെയും പിൻവലിഞ്ഞിട്ടില്ല. ടിബറ്റിലെ ചുംബി താഴ്‌വരയിൽ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവർ പിന്മാറുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ധനോവ കൂട്ടിച്ചേർത്തു.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക വേണ്ട. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനോടും ചൈനയോടും ഒരുപോലെ യുദ്ധം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് താന്‍ കരുതുന്നത്. 2032ഓടെ വ്യോമസേനയ്ക്ക് 42 യുദ്ധവിമാനങ്ങൾ കൂടി ലഭിക്കുമെന്നും വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ധനോവ വ്യക്തമാക്കി.