പാക് ഭീകരസംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി; പാകിസ്ഥാന് തിരിച്ചടി - ഇന്ത്യന്‍ നിലപാടിന് വിജയം
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (15:10 IST)
തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരേ ഉച്ചകോടിയിൽ സംയുക്ത പ്രമേയം പാസാക്കി. താലിബാൻ, ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ, അൽക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ പേരെടുത്തുള്ള പരാമർശം പ്രമേയത്തിലുണ്ട്.
ഉച്ചകോടിയിൽ പാക് ഭീകരവാദം ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിർത്തിരുന്ന സാഹചര്യത്തിലാണ് പ്രമേയം പാസയത് എന്നത് ഇന്ത്യയുടെ വിജയമായിട്ടാണ് കണക്ക് കൂട്ടുന്നത്. ബ്രിക്‍സിലെ മറ്റു രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ നിലപാട് വ്യക്തമാക്കിയതോടെയാണ് ചൈന സമ്മര്‍ദ്ദത്തിലായത്. ആദ്യമായിട്ടാണ് പാക് ഭീകരസംഘടനകൾക്കെതിരെ
ബ്രികിസ് ഉച്ചകോടിയിൽ വിമർശനം ഉണ്ടാവുന്നത്.
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഉൾപ്പടെയുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം ലോക സമാധാനത്തിന് ഭീഷണിയാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാനും ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി തീരുമാനിച്ചു.
ഭീകര മേഖലയിൽ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയിലും ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി.
ചൈനയുടെ ഭാഗത്തു നിന്നും പിന്തുണ പ്രതീക്ഷിച്ചുവെങ്കിലും പാക് ഭീകരസംഘടനകൾക്കെതിരെ ബ്രികിസ് ഉച്ചകോടിയിൽ വിമർശനം ഉണ്ടായതോടെ പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പാക് ഭീകരതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.