കശ്‌മീരില്‍ സംഘര്‍ഷം തുടരുന്നു; ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം; ജൂലൈ എട്ടിനു ശേഷം ഇതുവരെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 68 പേര്‍

ബുധന്‍, 24 ഓഗസ്റ്റ് 2016 (15:17 IST)
കഴിഞ്ഞമാസം എട്ടാം തിയതി ഹിസ്‌ബുള്‍ നേതാവ് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്‌മീരില്‍ ഉണ്ടായ സംഘര്‍ഷത്തിന് അയവില്ല. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ എത്തിയ ദിവസം തന്നെ പുല്‍വാമ ജില്ലയിലെ രത്‌നിപോറയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.
 
പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത അമീര്‍ മിര്‍ എന്നയാളാണ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചത്. സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഗുരുതരപരുക്കേറ്റ അമീര്‍ മിര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. 
 
അതേസമയം, ജൂലൈ എട്ടിനു ശേഷം കശ്‌മീരില്‍ ഉണ്ടായ വിവിധ സംഘര്‍ഷങ്ങളില്‍ ഇതുവരെ 68 പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് കശ്‌മീരില്‍ ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക