നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താൻ സോണിയയ്‌ക്ക് കഴിയുമോ: സ്മൃതി ഇറാനി

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (14:04 IST)
മുന്‍ ഐ പി എല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചതിന് ആരോപണങ്ങള്‍ നേരിടുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരിഹസിച്ചും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അഭിനയിക്കാന്‍ പാർലമെന്റ് ഒരു നാടക വേദിയാണോ. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് ജനവിധിയോടുള്ള അനാദരവാണെന്നും സ്മൃതി പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരാനാണ് സുഷമജി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്. അല്ലാതെ അത് നാടകം കളിയൊന്നുമല്ല. സോണിയജിക്ക് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാൻ ചിലപ്പോൾ എളുപ്പമായിരിക്കും. എന്നാൽ പേപ്പർ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താൻ സോണിയയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി പറഞ്ഞു.

സ്പീക്കറോടുള്ള പ്രതിഷേധകമായി കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ ഷർട്ടുകൾ അഴിച്ചുമാറ്റി. പാർലമെന്റിന്റെ അഭിമാനമാണ് ലോക്സഭാ സ്പീക്കര്‍ ഒരു സ്ത്രീയാണ്. സ്ത്രീകളോടുള്ള കോൺഗ്രസിന്റെ ആദരവ് ഇങ്ങനെയാണോ. ഇതിനെയാണോ രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ സദാചാരമെന്നു പറയുന്നതെന്നും സ്മൃതി ചോദിച്ചു.

സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രാവിലെ രംഗത്തെത്തിയിരുന്നു. വളരെ രഹസ്യമായാണ് സുഷമ മോഡിയെ സഹായിച്ചത്. ഇതിന് പ്രതിഫലമായി സുഷമയും ഭര്‍ത്താവും കുടുംബവും മോഡിയില്‍ നിന്ന് എത്ര രൂപ വാങ്ങിയെന്ന് വ്യക്തമാക്കണമെന്നും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ആവശ്യപ്പെട്ടു.

സുഷമ മോഡിയെ സഹായിച്ചത് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞില്ല. അത്രയ്‌ക്കും രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍ നടന്നത്. യാത്രാ രേഖകൾ ശരിയാക്കി നൽകിയതിന് പകരമായി സുഷമ പാരിതോഷികം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റില്‍ സുഷമ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് നാടകം കളിക്കുകയാണെന്നും അതിനു അവര്‍ മിടുക്കിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സുഷമ സ്വരാജിനെ പിന്തുണച്ച് സ്മൃതി ഇറാനി രംഗത്തെത്തിയത്.