മോദി കശ്‌മീരിലെ ജവാൻമാരുടെ രക്‌തം കൊണ്ടു രാഷ്ട്രീയം കളിക്കുന്നു: പ്രധാനമന്ത്രിക്കെതിരെ രാഹുല്‍
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (20:43 IST)
കശ്‌മീര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന ജവാൻമാരെ കുരുതികൊടുത്താണ് പ്രധാനമന്ത്രി രാഷ്‌ട്രീയം കളിക്കുന്നത്. നമ്മുടെ ജവാൻമാരുടെ രക്‌തംകൊണ്ട് മോദി ‘ചോരയുടെ ദല്ലാൾപണി’ നടത്തുകയാണ്. രാജ്യത്തെ വിഭജിക്കാനാണ്പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ രക്തത്തിന് പിന്നിൽ ഒളിക്കുകയാണ് പ്രധാനമന്ത്രി. അവരുടെ ത്യാഗങ്ങളെ മോദി മുതലെടുക്കുകയാണ്. ധീര ജവാൻമാരുടെ ജീവത്യാഗത്തെ ചൂഷണം ചെയ്യുന്ന മോദിയുടെ ഈ നടപടി തെറ്റാണെന്നും രാഹുൽ പറഞ്ഞു.
നമ്മുടെ ജവാൻമാർ കശ്മീരിൽ അവരുടെ ജോലി വെടിപ്പായി ചെയ്യും. സർക്കാർ അതിന്റെ കർത്തവ്യം നടപ്പാക്കിയാൽ മതി. താങ്കളെ ഭരിക്കാനായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. താങ്കൾ ആ ജോലിയും ഭംഗിയായി ചെയ്യുകയാണ് വേണ്ടതെന്നും ഉത്തർപ്രദേശിൽനിന്നാരംഭിച്ച കിസാൻ റാലി ഡൽഹിയിലെത്തിയപ്പോൾ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
മോദി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. എന്നാൽ ആ അക്കൗണ്ടുകളിൽ പണമില്ല. മോഹന വാഗ്ദാനങ്ങൾ നൽകി അധികാരം പിടിച്ചശേഷം, വാക്ക് പാലിക്കാതെ ഒഴിഞ്ഞുമാറു കയാണ്. അദ്ദേഹത്തിന്റെ എല്ലാ വാഗ്ദാനങ്ങളും വ്യാജമായിരുന്നു എന്നും രാഹുൽ ആരോപിച്ചു.