അങ്ങനെ ഒന്നും മിണ്ടാതെ രാഹുല്‍ ഗാന്ധി ട്വിറ്ററിലും എത്തി
വ്യാഴം, 7 മെയ് 2015 (10:57 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമല്ല എന്ന ആരോപണങ്ങള്‍ക്ക് അറുതിവരുത്തുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രമുഖ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ അക്കൌണ്ട് തുറന്നു. ‘OfficeOfRG’ എന്നാണ് ട്വിറ്റർ അക്കൗണ്ടിന്റെ പേര്. താന്‍ അക്കൌണ്ട് തുറന്ന കാര്യം രാഹുല്‍ ഗാന്ധി ആരേയും അറിയിച്ചതുമില്ല. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഇത് രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ടാണെന്ന് വ്യക്തമാക്കിയത്.
അക്കൌണ്ട് തുറന്നെങ്കിലും രാഹുല്‍ ഇതേവരെ ഒരു ട്വീറ്റുപോലും നടത്തിയിട്ടില്ല. അതേസമയം ഇതിനോടകം തന്നെ പതിനായിരത്തോളം പേർ രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്ററിലെ സജീവ സാന്നിധ്യമാണ് രാഹുലും ട്വിറ്റർ പേജ് തുറക്കാൻ കാരണമെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.
നിലവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ട്വിറ്റർ ഫോളേവേഴ്സുള്ള ആഗോള നേതാക്കളിൽ മൂന്നാമത്തെ വ്യക്തിയാണ് നരേന്ദ്ര മോഡി.മോഡിക്ക് 12.1 മില്യൻ ഫോളോവേഴ്സുണ്ട് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സർവേ പറയുന്നത്. രാജ്യത്തെ യുവാക്കളുമായി കൂടുതല്‍ ഇടപഴകാന്‍ മോഡിക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്. ഇതാണ് രാഹുലിന്റെ ട്വിറ്റര്‍ പ്രവേശനത്തിനു പിന്നില്‍.