കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രശംസ. രാഹുല്‍ ഗാന്ധി ഉയര്‍ന്നുവരുന്ന താരമെന്നായിരുന്നു സിന്‍ഹയുടെ പ്രശംസ. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിയമസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ഇതിനു മുന്നോടിയായി വ്യാഴാഴ്ച രാത്രിയായിരുന്നു സിന്‍ഹയുടെ പ്രശംസ.
‘ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. നിതീഷ് ബാബുവിന്റെയും ലാലുജിയുടെയും ഉദിച്ചുയരുന്ന താരം രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഈ സര്‍ക്കാരിന് വലിയ വിജയങ്ങള്‍ നേരുന്നു’ - വ്യാഴാഴ്ച രാത്രി സിന്‍ഹയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. നേരത്തെ, ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് നിതീഷ് കുമാറിനെ അഭിനന്ദിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത് ബി ജെ പിയില്‍ അസ്വസ്ഥത പടര്‍ത്തിയിരുന്നു.