രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് റിപ്പോര്‍ട്ട്; ഗ്രീസിലേക്ക് പോയെന്ന് നേതൃത്വം

ബുധന്‍, 25 ഫെബ്രുവരി 2015 (12:42 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിര്‍ണായകമായ ആദ്യ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തെന്ന വാര്‍ത്തകള്‍ക്കിടെ രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് ഐഎന്‍ടിയുസി ദേശീയ ഉപാധ്യക്ഷന്‍ ജഗ്ദീഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ഒരു ഹില്‍റിസോര്‍ട്ടില്‍ രാഹുല്‍ഗാന്ധി താമസിക്കുന്നതിന് തെളിവായി ജഗ്ദീഷ് കുമാര്‍ ശര്‍മ രാഹുലിന്റെ ചിത്രങ്ങള്‍ പുറത്തു വിടുകയും ചെയ്തു. എന്നാല്‍ രാഹുല്‍ വിദേശത്തുതന്നെയാണെന്നും ചിത്രങ്ങള്‍ പഴയതാണെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി.

രാഹുല്‍ ഹില്‍റിസോര്‍ട്ടില്‍ കഴിയുന്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് ജഗ്ദീഷ് കുമാര്‍ ശര്‍മ പുറത്തു വിട്ടത്. ഈ വിവരം അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിനോടും വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് മുതിര്‍ന്ന നേതാവായ ദ്വിഗ് വിജയ് സിഗും വ്യക്തമാക്കിയിരുന്നു.

ബാങ്കോക്ക് വഴി ഗ്രീസിലേക്കാണ് രാഹുല്‍ അവധിയെടുത്ത് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. എന്നാല്‍ രാഹുല്‍ഗാന്ധി ഉത്തര്‍കാശി സന്ദര്‍ശിക്കാനാണ് അവധിയെടുത്തു ഡല്‍ഹി വിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിന് കൂടുതല്‍ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക