ജീവനക്കാരനില്‍ നിന്നും സിന്ധുവിന് മോശം അനുഭവം ഉണ്ടായോ ?; വിമാനത്തില്‍ സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി അധികൃതര്‍ രംഗത്ത്
ശനി, 4 നവംബര്‍ 2017 (18:43 IST)
വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ മോശം അനുഭവം നേരിടേണ്ടിവന്നുവെന്ന ഇന്ത്യന്‍ ബാഡ്മിന്റൻ താരം പിവി സിന്ധുവിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ഇന്‍ഡിഗോ എയര്‍ലെയ്ന്‍സ് കമ്പനി. വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫ് അജീതേഷ് എന്നയാളെ പരാമര്‍ശിച്ചായിരുന്നു സിന്ധുവിന്റെ ട്വിറ്റര്‍ പോസ്‌റ്റ്. എന്നാല്‍, ആ ദിവസം സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയ വിമാന കമ്പനി ജീവനക്കാരനെ പിന്തുണയ്‌ക്കാനും മടി കാണിച്ചില്ല.
നവംബർ നാലിനു ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ 6ഇ 608 വിമാനത്തിലാണ് സിന്ധു യാത്ര ചെയ്‌തതും ജീവനക്കാരനുമായി തര്‍ക്കമുണ്ടായതും. അനുവദനീയമായതിലും കൂടുതല്‍ ഭാരമുള്ള ബാഗുമായിട്ടാണ് സിന്ധു വിമാനത്തില്‍ കയറിയത്. കൂടുതല്‍ സാധനങ്ങള്‍ അവരുടെ ബാഗിനുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ ബാഗ് വെക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ബാഗ് കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുകയാണെന്ന് ജീവനക്കാരന്‍ അറിയിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നും വിമാന കമ്പനി വ്യക്തമാക്കുന്നു.
ബാഗ് കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുന്ന കാര്യം ഗ്രൌണ്ട് സ്‌റ്റാഫ് സിന്ധുവിനോട് സംസാരിച്ചപ്പോള്‍ അവരുടെ മാനേജര്‍ ചോദ്യങ്ങളുയര്‍ത്തി. എന്നാല്‍ ജീവനക്കാര്‍ മാന്യമായിട്ടും ശാന്തമായിട്ടുമാണ് സംസാരിച്ചത്. സംസാരത്തിനൊടുവില്‍ ബാഗ് മാറ്റാന്‍ മാനേജരും സിന്ധുവും സമ്മതിച്ചു. മുംബൈയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ബാഗ് അവരെ തിരികെ ഏല്‍പ്പിക്കുകയും ചെയ്‌തുവെന്നും പത്രക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കുന്നു.
സിന്ധു രാജ്യത്തിന് നേടി തന്ന നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. ജീവനക്കാര്‍ അവരുടെ ജോലിയാണ് ചെയ്‌തത്. അത്രയും വലിയ ബാഗ് ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ വെച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് അസൌകര്യം ഉണ്ടാക്കുകയും ചിലപ്പോള്‍ താഴെ വീണ് അപകടം ഉണ്ടാകാനും കാരണമാകും. വിമാനത്തിലെ എല്ലാ യാത്രക്കാരും തങ്ങള്‍ ഒരു പോലെയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ ചൂണ്ടിക്കാട്ടി.