തമിഴ്‌നാട്ടിൽ എക്കാലവും ശ്രീലങ്കൻ അഭയാർഥിപ്രശ്‌നം ഒരു വൈകാരിക വിഷയമാണ്. അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമിഴ് വാദം ഉയർത്തിക്കാട്ടാൻ തീവ്ര സംഘടനകളും ഒരേ രീതിയിൽ കാലങ്ങളായി പ്രയോഗിക്കുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പലായനം ഏറിയ സാഹചര്യത്തിലാണ് തമിഴ് രാഷ്ട്രീയം വീണ്ടും തമിഴ് വാദത്തിലേക്ക് തിരിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്‌ച്ച ശ്രീലങ്കയിൽ നിന്നും 2 സംഘങ്ങളായി 16 പേർ തമിഴ് നാട്ടിലെത്തിയിരുന്നു. ഇവരെ ജയിലിലിടാൻ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാട് സർക്കാരിൻറെ പ്രത്യേക അപേക്ഷ പ്രകാരം രാമേശ്വരത്തെ മണ്ഡപം ക്യമ്പിലേക്ക് മാറ്റി. ശ്രീലങ്കൻ തമിഴരെ അഭയാർത്ഥികളായി അംഗീകരിക്കാൻ വൈകുന്നതും അവർക്കെതിരെ എഫ്ഐആർ ഇട്ടതുമാണ് തീവ്ര തമിഴ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഈ സംഘടനകളുടെ തീരുമാനം.