പോലീസ് കസ്റ്റഡിയിൽ ഗസ്റ്റ് ഹൗസിലെ മുറി വൃത്തിയാക്കി പ്രിയങ്ക, ന‌ൽകിയ മുറി വൃത്തിയില്ലാത്തതെന്ന് കോൺഗ്രസ്

തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (15:45 IST)
ഉത്തർപ്രദേശിലെ ലഖിംപുരിൽ കാറിടിച്ചു മരിച്ച കർഷകരുടെ കുടുംബത്തെ കാണാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത് സീതാപുരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ലഖ്‌നൗവിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള പോലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയി‌ൽ വെച്ചിരിക്കുന്നത്.
 
അതേസമയം പോലീസ് പ്രിയങ്ക ഗാന്ധിയെ താമസിപ്പിച്ചിരിക്കുന്നത് വൃത്തിയില്ലാത്ത മുറിയിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗസ്റ്റ് ഹൗസിലെ മുറി പ്രിയങ്ക ഗാന്ധി തന്നെ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ആരോപണം.
 
ഞായറാഴ്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാലു കർഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് മരണപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പ്രിയങ്കാ ഗാന്ധി സ്ഥലത്തെത്തുന്നതും പോലീസ് കസ്റ്റഡിയിലെടുക്കുന്നതും. അതേസമയം ഗസ്റ്റ് ഹൗസ് വൃത്തിയാക്കിയതിന് ശേഷം പ്രിയങ്ക ഗാന്ധി നിരാഹാരമാരംഭിച്ചതായും റിപ്പോർട്ടുണ്ട്.
 
നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് കാൽ നടയായാണ് പ്രിയങ്കയും സംഘവും ലംഖി‌പുർ മേഖലയിലെത്തിയത്. തന്റെ യാത്ര തടഞ്ഞ പോലീസുകാരോട് പ്രതികരിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍