ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയെ ഗർഭിണിയാക്കി: പോലീസുകാരൻ അറസ്റ്റിൽ

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (15:15 IST)
മംഗളൂരു: ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ.  ദക്ഷിണ കന്നഡ ജില്ലയിലെ കഡബ പൊലീസാണ് കോൺസ്റ്റബിളായ  ശിവരാജ് നായക്കിനെ പിടികൂടിയത്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതായി ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ അറിയിച്ചു.
 
കോടതി നടപടികൾ അവസാനിച്ചിട്ടും ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കടലാസുകൾ കൈമാറുന്നതിനും വാങ്ങുന്നതിനും ശിവരാജ് ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പിതാവ് കാര്യങ്ങൾ അന്വേഷിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പൊലീസ് കോൺസ്റ്റബിൾ പെൺകുട്ടിയുമായി  ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും മകൾ ഗർഭിണിയാണെന്നും അറിഞ്ഞതോടെ പിതാവ് വിവാഹം കഴിക്കണമെന്ന് ശിവരാജിനോട് ആവശ്യപ്പെടുകയായിരുന്നു. 
 
എന്നാൽ ഈ ആവശ്യം നിരസിച്ച ശിവരാജ് ആരും അറിയാതെ ഗർഭം അലസിപ്പിക്കാനാണ് ആവശ്യപ്പെട്ടത്.സെപ്റ്റംബർ 18ന് ആശുപത്രിയിലേക്ക് പോയ മകളും ഭാര്യയും തിരിച്ചുവന്നില്ല. അന്വേഷിച്ചപ്പോൾ പൊലീസുകാരൻ മകൾക്ക് 35,000 രൂപ നൽകിയെന്ന് അറിഞ്ഞു. ഇരുവരെയും ഇയാൾ ഒളിവിൽ പാർപ്പിക്കുകയായിരുന്നു. തുടർന്ന് പിതാവ് പൊലീസിനെ സമീപിച്ചു. പിന്നാലെ പൊലീസ് ഇവരെ കണ്ടെത്തുകയും കോൺസ്റ്റബിളായ ശിവരാജ് നായക്കിനെ പിടികൂടുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍