രാഹുലിന് കുരുക്ക്; ഇരയോടു സംസാരിച്ച മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും

രേണുക വേണു

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (11:45 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക ആരോപണത്തില്‍ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. രാഹുല്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ച യുവതിയുമായി ആശയവിനിമയം നടത്തിയ നാല് വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. 
 
ഇരയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്നതിനെ കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് യുവതിയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകരെ അന്വേഷണസംഘം ബന്ധപ്പെടുന്നത്. രാഹുലിനെതിരെ കാര്യങ്ങള്‍ തുറന്നുപറയാനും പറയാതിരിക്കാനും ഇരയുടെ മേല്‍ പലയിടത്തു നിന്നായി സമ്മര്‍ദമുണ്ടെന്നാണു സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
 
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ആരും ഇതുവരെ പൊലീസില്‍ നേരിട്ടു പരാതിപ്പെട്ടിട്ടില്ല. ഗര്‍ഭഛിദ്രത്തിനു രാഹുല്‍ നിര്‍ബന്ധിക്കുന്ന കോള്‍ റെക്കോര്‍ഡിങ് നേരത്തെ പുറത്തുവന്നിരുന്നു. ഇരയായ ഈ യുവതി രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ മുന്നോട്ടുവന്നേക്കും. 
 
വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് എത്തുകയുള്ളു. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു നിലവില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍