Rahul Mamkootathil: പാലക്കാട് മണ്ഡലത്തില്‍ സജീവമാകണം; രാഹുലിനോടു ആവശ്യപ്പെട്ട് ഷാഫി

രേണുക വേണു

വെള്ളി, 29 ഓഗസ്റ്റ് 2025 (10:40 IST)
Rahul Mamkootathil: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ മണ്ഡലത്തില്‍ സജീവമാകും. ഷാഫി പറമ്പില്‍ എംപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഹുല്‍ പാലക്കാട് എത്തുന്നത്. 
 
ആരോപണങ്ങള്‍ പ്രതിസന്ധിയിലാക്കിയതോടെ പത്തനംതിട്ടയിലെ വീട്ടിലാണ് രാഹുല്‍. മാധ്യമങ്ങളെ കാണാനോ പൊതു പരിപാടികളില്‍ പങ്കെടുക്കാനോ രാഹുല്‍ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പാലക്കാട് മണ്ഡലത്തില്‍ സജീവമാകണമെന്ന് ഷാഫിയുടെ നിര്‍ദേശം. രാഹുലിനെ പാലക്കാട് എത്തിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് ഷാഫി നടത്തുന്നത്. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിലാണ് രാഹുലിനെ പങ്കെടുപ്പിക്കുക. 
 
മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്നാണ് ഷാഫി രാഹുലിനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെയാണ് ഈ തിരക്കിട്ട നീക്കങ്ങളും. പാലക്കാട് ഇന്നലെ നടന്ന എ ഗ്രൂപ്പ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്.
 
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ ആരോപണമുന്നയിച്ച സ്ത്രീകള്‍ പരാതി നല്‍കാന്‍ സന്നദ്ധത അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇവര്‍ താല്‍പര്യം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍