അവള്‍ ഇന്ദിരയാണ്, അവള്‍ ദുര്‍ഗയാണ്; കോണ്‍ഗ്രസ് പോസ്റ്റര്‍ കണ്ട് ഞെട്ടിത്തരിച്ച് ബിജെപി

വെള്ളി, 27 ജനുവരി 2017 (14:59 IST)
‘സുന്ദരി’ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി കോണ്‍ഗ്രസ്‍. ഉത്തര്‍പ്രദേശിലെ ബി ജെ പി അധ്യക്ഷന്‍ വിനയ് കറ്റ്യാര്‍ ആയിരുന്നു പ്രിയങ്ക റോബര്‍ട്ട് വാധ്‌രയ്ക്കെതിരെ ‘സുന്ദരി’ പരാമര്‍ശവുമായി രംഗത്തെത്തിയത്. പ്രിയങ്കയേക്കാള്‍ സുന്ദരിമാര്‍ ബി ജെ പിയില്‍ ഉണ്ടെന്നായിരുന്നു കറ്റ്യാര്‍ പറഞ്ഞത്. ബി ജെ പി അധ്യക്ഷന്റെ ഈ അഭിപ്രായം ചിരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക സ്വീകരിച്ചത്.
 
എന്നാല്‍, ഉത്തര്‍പ്രദേശിലെ തങ്ങളുടെ താരപ്രചാരകയെക്കുറിച്ച് ബി ജെ പി നേതാവ് പറഞ്ഞത് കോണ്‍ഗ്രസിന് ദഹിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ലക്‌ഷ്യം വെച്ചുള്ള പുതിയ പോസ്റ്ററുകളില്‍ ഇത് വ്യക്തമാണ്. പ്രിയങ്കയെ ദുര്‍ഗാദേവിയോട് ഉപമിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
 
'അവള്‍ ഇന്ദിരാണ്, അവള്‍ ദുര്‍ഗയാണ്, അവള്‍ അധികാരത്തിന്റെ മൂര്‍ത്തീഭാവമാണ്’ എന്ന് അര്‍ത്ഥം വരുന്ന ഹിന്ദിവാചകങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളായ അമേഠിയിലും റായ്‌ബറേലിയിലും മാത്രമാണ് പ്രിയഞ ഇത്രകാലവും പ്രചരണത്തിന് ഇറങ്ങിയിരുന്നത്. എന്നാല്‍, ഇത്തവണ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സജീവപ്രചാരകയാണ് പ്രിയങ്ക.

വെബ്ദുനിയ വായിക്കുക