മുംബൈ: സാങ്കേതികതയുമായി ബന്ധം നിലനിര്‍ത്തേണ്ടത് അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബൈ യൂണിവേഴ്സിറ്റിയുടെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് 102ആമത് സെഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ മാറ്റത്തിനായുള്ള ഉദ്യമത്തില്‍ ശാസ്ത്രലോകത്തിന് എല്ലാവിധ സഹകരണവും മോഡി വാഗ്ദാനം ചെയ്തു. ചുവപ്പുനാടകള്‍ നേരിടേണ്ടി വരില്ലെന്ന ഉറപ്പും പ്രധാനമന്ത്രി ശാസ്ത്രലോകത്തിന് നല്കി.
രാജ്യത്ത് ബിസിനസ് നടത്താന്‍ സൌകര്യം ചെയ്തു കൊടുക്കുന്നതു പോലെ തന്നെ ഗവേഷണത്തിനും ശാസ്ത്രരംഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്കുമെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ക്ക് എന്നേക്കാള്‍ നന്നായി പിന്തുണ നല്കുന്ന ഒരാളെ കണ്ടെത്താന്‍ കഴിയില്ല, ഇന്ത്യയുടെ മാറ്റത്തിനായി ഞാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്' - മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.