യുവജനങ്ങളെ ഇന്നത്തെ ലോകത്തിന് ആവശ്യമായ രീതിയില്‍ മത്സരക്ഷമതയുള്ളവരാക്കി മാറ്റാനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തി അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ അവര്‍ തയ്യാറാകണം. പുതിയ നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ അനുസരിച്ച് അവയെ അഭിമുഖീകരിക്കാന്‍ പ്രാപ്തരായി മുന്നേറാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മൂടെ വിദ്യാഭ്യാസസമ്പ്രദായം പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകതയുമുണ്ട്. നിലവാരമേറിയ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായിരിക്കണം നമ്മള്‍ ശ്രമിക്കേണ്ടത്.
സംഘര്‍ഷങ്ങളുടെയും ഭീകരവാദത്തിന്‍റെയും കാലമായ ഇപ്പോള്‍ വസുദൈവകുടുംബകം എന്ന ആശയത്തേക്കുറിച്ച് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ എന്നും ഇന്ത്യയെ പ്രചോദിപ്പിച്ചിരുന്ന ആശയമാണത്. എല്ലാവരും ഒരുമയോടെ നിലകൊള്ളുന്നതും ശാന്തവും സമാധാനപരവും പ്രകൃതിയോടിണങ്ങിനില്‍ക്കുന്നതുമായ ഒരു ലോകം ഇന്ത്യയുടെ രാഷ്ട്രനിര്‍മാണ പദ്ധതിയുടെ വലിയ ലക്‍ഷ്യമാണ്.
നമ്മുടെ തന്ത്രപ്രധാന നിര്‍മാണമേഖലയെ ആധുനീകരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ പൊലീസിലെയും സൈനിക - അര്‍ധസൈനിക സേനകളിലെയും ധീരരായ പോരാളികള്‍ക്ക് ഏറ്റവും മികച്ച ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയും. എല്ലാവര്‍ക്കും ഭവനമെന്ന ലക്‍ഷ്യം യാഥാര്‍ത്ഥ്യമായിത്തീരാന്‍ ശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.