നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. ഇന്ത്യയുടെ ബഹുസ്വര സംസ്കാരവും സഹിഷ്ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണ്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിർത്താൻ നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ഭീകരതയെ കടുത്ത രീതിയിൽത്തന്നെ നേരിടണം. സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിനിടെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കിയിരിക്കാം. എങ്കിലും നോട്ട് അസാധുവാക്കൽ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകള്‍ കൂടുതലും കറൻസിരഹിതമാക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
വിരുദ്ധമായ നിരവധി പ്രത്യയ ശാസ്ത്രങ്ങൾ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തണം. സ്വാതന്ത്ര്യത്തിനായി നൽകിയ വില മറക്കരുത്.
അമിത സ്വാതന്ത്ര്യം ആപത്താണെന്നതില്‍ സംശയമില്ല. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ചെലവ് കുറക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി ഈ വിഷയത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.