പട്ടിണിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡ്...!

വെള്ളി, 29 മെയ് 2015 (10:02 IST)
ലോകത്ത് ഏറ്റവുമധികം പട്ടിണിയുള്ള രാജ്യം ഏതെന്ന് ചോദിച്ചാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏതെങ്കിലും ദരിദ്ര രാജ്യം നിങ്ങളിടെ മനസിലേക്ക് ഓടിയെത്തും. എന്നാല്‍ അധികം ദൂരേയ്ക്കൊന്നും പോകേണ്ടതില്ല. നമ്മുടെ സ്വന്തം രാജ്യത്താണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണി ഉള്ളതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിശപ്പറിയുന്നവരുടെ രാജ്യം ഇന്ത്യയെന്ന്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഐക്യരാഷ്‌ട്രസഭയാണ്. 'ദി സ്‌റ്റേറ്റ്‌ ഓഫ്‌ ഇന്‍ സെക്യൂരിറ്റി ഇന്‍ ദി വേള്‍ഡ്‌ 2015' റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌.
 
പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയേപ്പോലും പിന്നിലാക്കിയെന്നാണ് വിവരം. 194 ദശലക്ഷം ആളുകളാണ് നക്ക്മ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്നത്. എന്നാല്‍ രാജ്യത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും കണാക്കുകള്‍ പറയുന്നു. 1990-92 ല്‍ 210.1 ദശലക്ഷമായിരുന്നു ഇന്ത്യയിലെ അഷ്‌ടിക്ക്‌ വകയില്ലാത്തവരുടെ എണ്ണമെങ്കില്‍ 2014-15 ല്‍ അത്‌ 194.6 ദശലക്ഷമാണെന്നാണ്‌ കണക്കുകള്‍. അതേസമയം വിശപ്പിനും പട്ടിണിക്കും എതിരേ ഇന്ത്യ അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.
 
ആഗോളമായി പട്ടിണി കിടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്‌. 1990- 92 ല്‍ ഒരു ബില്യണ്‍ ആയിരുന്നത്‌ 2014-15 ല്‍ 795 മില്യണായിട്ടുണ്ട്‌. കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കുറഞ്ഞിരിക്കുന്നത്‌ ചൈനയിലാണ്‌. 1990-92 ല്‍ ആഹാരത്തിന്‌ മാര്‍ഗ്ഗമില്ലാത്തവര്‍ 289 ദശലക്ഷം ഉണ്ടായിരുന്ന ചൈനയില്‍ 2014-15 ല്‍ 133.8 ദശലക്ഷമായിട്ടാണ്‌ കുറഞ്ഞത്‌. 

വെബ്ദുനിയ വായിക്കുക