പ്രാര്‍ത്ഥന ഫലിച്ചു; 857 പോണ്‍ സൈറ്റുകളും ഉടന്‍ കിട്ടും!

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (14:50 IST)
കേന്ദ്ര സര്‍ക്കാര്‍ ലൈംഗിക ഉളളടക്കമുളള 857 സൈറ്റുകള്‍ നിരോധിച്ചതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചകള്‍ നടക്കവെ സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം താല്‍ക്കാലികം മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റിലെ അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുളള ഒരു ദീര്‍ഘദൂര പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് ടെലകോം മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരോധിച്ച സൈറ്റുകള്‍ താമസിയാതെ ലഭ്യമാകുമെന്നും അദ്ദേഹം വ്യാക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പഠിച്ച ശേഷമാകും വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ഉളളടക്കങ്ങള്‍ പ്രചരിക്കുന്നതിനെതിരെയാണ്‌ സുപ്രീംകോടതിയുടെ നിലപാട്‌. അടച്ചിട്ട മുറിയുടെ സ്വകാര്യതയില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ ലൈംഗിക ഉള്ളടക്കം കാണുന്നതിനെ വിമര്‍ശിക്കാനാവില്ല എന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ നിയന്ത്രണമില്ലാത്ത അശ്ലീല വെബ്‌സൈറ്റുകള്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് എന്നും അതിനാല്‍ കുട്ടികളുടെ നഗ്നത ചൂഷണം ചെയ്യാത്ത ലൈംഗിക ഉള്ളടക്കങ്ങളുളള സൈറ്റുകള്‍ കാണുന്നത്‌ പ്രശ്‌നമല്ല എന്നാണ്‌ ഒരു വിഭാഗം വാദിക്കുന്നത്‌. ജൂലൈ 31ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സ് ആണ് രാജ്യത്തെ 857 സൈറ്റുകള്‍ നിരോധിച്ചത്.