കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ ഇര്‍ഷാദ് അഹമ്മദ് ഗാനിയാണ് കൊല്ലപ്പെട്ടത്. ഇര്‍ഷാദ് ഓഫീസിലേക്ക് പോകവെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വളരെ അടുത്തു നിന്നായിരുന്നു തീവ്രവാദി വെടിയുതിര്‍ത്തത്. ഇര്‍ഷാദ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഗ്രനേഡ് ആക്രമണത്തില്‍ പുല്‍വാമ എഎസ്പി, ഡിവൈഎസ്പി, സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്.