ജമ്മുകശ്മീരിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ചയാകും

ബുധന്‍, 20 ജൂലൈ 2016 (09:00 IST)
ജമ്മുകശ്മീരിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ലോക്‌സഭാ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, ഭതൃഹരി മഹ്താബ് എന്നിവര്‍ നല്‍കിയ നോട്ടീസിലാണ് സഭ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി പറയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചേക്കും. ജമ്മുകശ്മീരിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാജ്യസഭ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.
 
കശ്മീരിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് പിഴവു പറ്റിയതായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു തുടങ്ങിയ കക്ഷികള്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ കൂട്ടായ കടന്നാക്രമണത്തിനാണ് രാജ്യസഭ വേദിയായത്.
 
സംസ്ഥാനത്തെ 10 ജില്ലകളിലും ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. തെക്കന്‍ കശ്മീരിലെ നാലു ജില്ലകളെ സംഘര്‍ഷം കാര്യമായിത്തന്നെ ബാധിച്ചു. നിരവധിപേരാണ് ആസ്പത്രികളില്‍ ചികിത്സയിലുള്ളത്. ഭീകരരെ കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് സിവിലിയന്‍മാരെയും കൈകാര്യം ചെയ്യുന്നത്. ഭീകരര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ ബുള്ളറ്റാണ് ജമ്മുകശ്മീരിലെ സാധാരണ ജനങ്ങള്‍ക്കെതിരെയും ഉപയോഗിക്കുന്നത്. സര്‍ക്കാറിന്റെ തീവ്രവാദ വിരുദ്ധ നടപടികളെ പിന്തുണക്കുമ്പോള്‍ തന്നെ, ഇന്ത്യന്‍ പൗരന്മാരെയും അതേ രീതിയില്‍ നേരിടുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 
 
തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദെരക് ഒബ്രീന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെ.ഡി.യു നേതാവ് ശരദ് യാദവ്, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍, സി.പി.ഐ നേതാവ് ഡി രാജ എന്നിവരും കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തി.
 

വെബ്ദുനിയ വായിക്കുക